---
title: "അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും"
english_title: "On Sunday, February 1, the country will be filled with excitement; Nirmala Sitharaman will present the 2026 Union Budget to write history"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335294/On Sunday, February 1, the country will be filled with excitement; Nirmala Sitharaman will present the 2026 Union Budget to write history"
published_at: "2026-01-08T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4d2290042_1001053526.jpg"
keywords: []
---

# അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

> **Lead Summary:** കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്.

## Article Content

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്.

ഇതനുസരിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1, ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ.

ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക.

നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ.

1959 നും 1964 നും ഇടയിൽ ആറ് തവണയും, 1967 നും 1969 നും ഇടയിൽ നാല് തവണയുമാണ് മൊറാർജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരിൽ പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും വിവിധ സർക്കാരുകൾക്ക് കീഴിൽ അവതരിപ്പിച്ചിട്ടുണ്ട്. 2019 ൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നപ്പോഴാണ് നിർമല സീതാരാമൻ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ൽ മോദി സർക്കാർ മൂന്നാം തവണയും വിജയിച്ചപ്പോൾ അവർ ധനകാര്യ വകുപ്പിൽ തന്നെ തുടരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335294/On Sunday, February 1, the country will be filled with excitement; Nirmala Sitharaman will present the 2026 Union Budget to write history)